Saturday, 2 September 2017

പുള്ളിക്കാരൻ സ്‌റ്റാർ മാത്രമല്ല.. അൽപ്പം രസികനും കൂടിയാ..

പ്രതീക്ഷകളുടെ യാതൊരു വിധ ആർഭാടങ്ങളുമില്ലാതെയാണ്‌ പുള്ളിക്കാരന്‌ കയറിയത്‌. കാരണം എല്ലാവർക്കും അറിയാം. അതിനെപ്പറ്റി പറഞ്ഞ്‌ ഫാൻസിന്റെ ചീത്ത കേൾക്കാൻ താൽപര്യമില്ല. ഫീൽ ഗുഡ്‌ മൂവി എന്ന ലേബലിൽ വരുന്ന ചിത്രങ്ങൾ സാധാരണ ആദ്യ ദിവസങ്ങളിൽ ചലനം സൃഷ്‌ടിക്കില്ല. ആ പതിവ്‌ തെറ്റാതെ തന്നെയാണ്‌ പുള്ളിക്കാരനും ഇറങ്ങിവന്നത്‌. തീയേറ്ററിൽ ഒരു കൊച്ചു കുഞ്ഞിന്‌ അക്കങ്ങൾ പഠിക്കാൻ സൗകര്യപ്രദമാം വിധം ആളുകൾ അച്ചടക്കത്തോടെ ഇരിക്കുന്നു.

തുടക്കം മുതൽ തന്നെ സംവിധായകന്റെ കരവിരുത്‌ കാണുന്നവർക്ക്‌ ബോധ്യമാകും.
അത്ര സുന്ദരമായ രീതിയിൽ പടത്തേ മുന്നോട്ട്‌ കൊണ്ടുപോകാൻ ശ്യാംധറിന്‌ കഴിഞ്ഞു. മനോഹരമായ ഭാവി കാത്തിരിപ്പുണ്ട്‌ ഈ മുതലിന്‌...

പേരിൽ തന്നെ കൗതുകമുണർത്തുന്ന നായകൻ. കൗതുകം ഒളിഞ്ഞിരിക്കുന്നത്‌ പേരിൽ മാത്രമല്ല, സ്വഭാവത്തിലും കൂടിയാണ്‌.. ദതാണ്‌ രാജകുമാരൻ. അദ്ധ്യാപകരേ പരിശീലിപ്പിക്കുന്ന അദ്ധ്യാപകൻ. വാ തുറന്നാൽ അടയ്‌ക്കാൻ മാത്രം അൽപ്പം ബുദ്ധിമുട്ടാ. ഏത്‌ രാമായണം തുറന്നാലും അതിൽ തന്റേതായ കഥകൾ കൂടി കുത്തിക്കയറ്റി സംഭവം വിശദീകരിക്കൽ നായകന്റേ ഹോബിയാണ്‌. തന്റേതല്ലാത്ത കാരണത്താൽ കൈവരിച്ച ചീത്തപേരുകളാണ്‌ ഇതിയാന്റെ ശരിക്കുമുള്ള സമ്പാദ്യം. അങ്ങനെയുള്ള മനുഷ്യന്റെ ജീവിതത്തിലേക്ക്‌ രണ്ട്‌ സ്‌ത്രീകൾ പറന്ന്‌ വരുന്നിടത്താണ്‌ കഥ വികസിക്കുന്നത്‌.

പണ്ടെങ്ങാണ്ട്‌ കേട്ട്‌ മടുത്ത കഥയ്‌ക്ക്‌ ശ്യാംധറിന്റെ മികച്ച സംവിധാനവും, ഇല്ലംപ്പള്ളിയുടെ മികവുറ്റ ക്യാമറ വർക്കുകളും വന്നപ്പോൾ നമ്മുക്ക്‌ ലഭിക്കുന്നത്‌ ഒരു നല്ല ചിത്രത്തേ തന്നെയാണ്‌.. 90% ചളിയല്ലാത്ത കോമഡികളാൽ പടം സമ്പന്നമാണ്‌. അതിനേക്കാളുപരി ഈ സിനിമ നൽകുന്ന ഒരു വലിയ പോസിറ്റീവ്‌ എനർജിയുണ്ട്‌. അത്‌ കണ്ട്‌ കഴിയുമ്പോൾ ആസ്വദിക്കേണ്ട ഒന്ന്‌ തന്നെയാണ്. ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണതയും ഇത്‌ തന്നെയാണ്‌..

ഒരു കാര്യം ഉറപ്പ്‌ നൽകുന്നു.. കൊടുക്കുന്ന കാശിനുള്ള മൂല്യം ഈ ചിത്രം നിങ്ങൾക്ക്‌ തരും..
3.25/5